ന്യൂഡൽഹി: റഷ്യ – യുക്രെയ്ൻ സംഘർഷം കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോൾ അവിടെ തുടരേണ്ട അടിയന്തിര ആവശ്യം ഇല്ലാത്തവരോട് ഇന്ത്യയിലേക്ക് താൽകാലികമായി മടങ്ങി വരുന്നത് പരിഗണിക്കാനും നിർദേശിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ഓൺലൈൻ ക്ളാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും യുക്രെയ്നിലെയും വിവിധ നഗരങ്ങൾ തമ്മിലുള്ള വിമാനസർവീസുകൾ ഇന്ത്യൻ വിദ്യാർഥികളുടെയും മറ്റ് ഇന്ത്യൻ പൗരന്മാരുടെയും ആവശ്യത്തിന് അനുസൃതമായി വർധിപ്പിക്കാനായി കേന്ദ്ര വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും വിവിധ വിമാനക്കന്പനികളുമായി ചേർന്ന് പരിശ്രമിക്കുന്നുണ്ട്.
യുക്രെയ്നിയൻ ഇന്റർനാഷണൽ എയർലൈൻസിലൂടെ ഇപ്പോൾ യുക്രെയ്നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ടിക്കറ്റു ബുക്ക് ചെയ്യാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നിലവിൽ വന്നു.
ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ഇന്നലെ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ദില്ലിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളുമായി ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണ് ദില്ലിയിലെത്തിയത്. ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി മറ്റു വിമാനങ്ങൾക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.
















