ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഉള്‍പ്പെടുന്ന 592 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു.
നഗര പഞ്ചായത്തുകളിൽ കോണ്‍ഗ്രസ് 368 സീറ്റാണ് നേടിയത്. 1374 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 73 വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളിലെ 3,843 വാര്‍ഡുകളില്‍ 151 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. കോണ്‍ഗ്രസ്, സിപിഎം, വിസികെ, എംഡിഎംകെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വന്‍ വിജയമാണ് നേടിയത്. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി.
സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികൾക്കും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായി. 166, 41, 58 സീറ്റുകളാണ് യഥാക്രമം കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു.
















