റഷ്യ-ഉക്രയ്ൻ സംഘർഷം രൂക്ഷമായതോടെ യൂറോപ്പ് ഏതു നിമിഷവും യുദ്ധം ഉണ്ടാകും എന്ന ഭീതിയിലാണ്. ഈ സമയത്ത് പ്രതിസന്ധി രൂക്ഷമായ സ്ഥലങ്ങളിൽ ഉണ്ടായ ഷെല്ലിങ്ങിന്റെ അടക്കം അനവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോർവിമാനം വെടിവെച്ചു വീഴ്ത്താൻ ശ്രമിക്കുന്ന ആധുനിക യന്ത്രത്തോക്കിന്റെ വീഡിയോയും ഇതിലുണ്ട്. ഇത് നിരവധി ആളുകൾ ഉക്രയ്ൻ-റഷ്യ യുദ്ധത്തിന്റെ ദൃശ്യങ്ങളാണ് എന്ന രീതിയിൽ ഈ വീഡിയോ പങ്കുവെച്ചു. എന്നാല്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു വീഡിയോ ഗെയിമിലെ രംഗമാണ് ആ വീഡിയോ. ഒരുസ്ഥലത്തെയും യുദ്ധത്തിന്റെ വീഡിയോ അല്ല ഇത്.
റഷ്യ-ഉക്രയ്ൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഷെല്ലിങ്ങും വെടിവെപ്പും ഉണ്ടായെങ്കിലും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുകൊണ്ട് ആകാശത്തുകൂടിയുള്ള യുദ്ധം ഇതുവരെ ഉണ്ടായിട്ടില്ല. ഈ പ്രചരിക്കുന്ന വീഡിയോ ഗൂഗിളിൽ തിരഞ്ഞപ്പോൾ
സമാനമായ വീഡിയോകള്‍ കാണാനായി. ഇതില്‍നിന്നും ആർമ 3 എന്ന വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണ് യുദ്ധത്തിന്റേതായി ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. വീഡിയോ ഗെയിമുകൾ ഓണലൈനിൽ സ്‌ട്രീം ചെയ്യുന്ന ചാനലുകളും പ്രഫഷണൽ ഗെയിമർമാരും യൂട്യൂബിലും ഫേസ്ബുക്കിലും നിരവധിയാണ്. ആർമ 3 നിരന്തരം ഇക്കൂട്ടർ സ്‌ട്രീം ചെയ്യാറുള്ള വീഡിയോ ഗെയിമാണ്.
രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ ഇതുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ നൽകി ഇവർ ഗെയിമുകൾ സ്‌ട്രീം ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാൽ ഇതിനൊപ്പം വ്യക്തമായ മുന്നറിയിപ്പുകളോ സൂചനകളോ നൽകാത്തത് യഥാർത്ഥ സംഭവമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ കാരണമാകുന്നു. ഉപയോഗിക്കുന്ന ആളുകളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ പറ്റുന്നവയാണ് ആർമ്മ 3ലെ വീഡിയോകൾ എന്ന ഇതിൻറെ സൃഷ്ടാക്കൾ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിൽ നിന്നുമെല്ലാം പ്രചരിക്കുന്ന ഈ വീഡിയോ റഷ്യ-ഉക്രയ്ൻ യുദ്ധത്തിന്റെ രംഗങ്ങളല്ല എന്നത് വ്യക്തമാണ്.