ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാത്രി 10.15ന് വിമാനം ഡൽഹി എയർപോർട്ടിലെത്തും. ഈ മാസം 24, 26 തീയതികളിലും എയർ ഇന്ത്യയുടെ സർവ്വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്. എഐ1946 ഡ്രീംലൈനർ ബോയിംഗ് ബി 787 വിമാനത്തിൽ 200 യാത്രക്കാരാണ് ഉണ്ടാവുക. ഇന്ന് രാവിലെ 7.40നാണ് വിമാനം ഡൽഹിയിൽ നിന്നും ഉക്രെയ്‌നിലെ ബോറിസ്പിൽ എത്തിച്ചത്. ഇന്ത്യൻ പൗരന്മാരോട് ബോറിസ്പിൽ എത്താൻ നിർദ്ദേശവും നൽകിയിരുന്നു.
മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രെയ്ൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. തുടര്‍ന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രൈന്‍ വിടണമെന്ന നിര്‍ദേശം നല്‍കിയത്.