കണ്ണൂര്‍: തലശ്ശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന് ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് അറിയിച്ചു.
ഇതുവരെ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. പോലീസ് പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. നാലുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്.
തിങ്കളാഴ്ച പുലർച്ചെയാണ് സി.പി.എം പ്രവർത്തകനായ ഹരിദാനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലൊണ് സി.പി.എം ആരോപണം.
ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.
ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.