ക്രെയിൻ ഉപയോഗിച്ച് ഒരു മത്സ്യബന്ധന ബോട്ട് ഡോക്കിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിൻ കടലിലേക്ക് വീഴുന്ന വീഡിയോ കൊച്ചി പോർട്ടിൽ നടന്ന സംഭവമാണ് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. എന്നാൽ ഈ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലെ ദൃശ്യങ്ങൾ സത്യമാണ് എന്നാൽ അത് കൊച്ചി പോർട്ടിൽ സംഭവിച്ച ഒന്നല്ല. മറിച്ച് തായ്‌ലൻഡിലാണ് ഈ സംഭവം നടന്നത്. പ്രചാരത്തിലുള്ള ഈ വീഡിയോ ഗൂഗിളിൽ തിരഞ്ഞപ്പോൾ വീഡിയോയുടെ ദൈർഘ്യ മേറിയ പതിപ്പ് ഒരു ’യൂ ട്യൂബ് ചാനലിൽ കാണാൻ കഴിഞ്ഞു. ഈ വീഡിയോക്ക് ചാനൽ നൽകിയ വിശദീകരണം അനുസരിച്ച് സംഭവം നടന്നത് തായ്‌ലൻഡിലെ പട്ടാനി പ്രവിശ്യയിലാണ്.
2022 ജനുവരി 28 ന് പട്ടാനി പ്രവിശ്യയിൽ അറ്റകുറ്റപ്പണികൾക്കായി രണ്ടു ട്രക്ക് ക്രെയിനുകൾ മത്സ്യബന്ധന ബോട്ടിനെ സമുദ്രത്തിൽ നിന്നും ഡോക്കിലേക്ക് ഉയർത്തുകയായിരുന്നു. ഈ സമയം കേബിളുകൾ പൊട്ടി ക്രെയിൻ കടലിലേക്ക് മറിയുകയായിരുന്നു. ഈ സംഭവം മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽ ക്രെയിൻ ഡ്രൈവറുടെ കാല് ഒടിഞ്ഞതായാണ് വിവരം. മറ്റ് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ ഈ വീഡിയോയുടെ അവസാനഭാഗം തായ്‌ലൻഡിൽ നിന്നുള്ള ജനങ്ങൾ പരിക്കേറ്റ ക്രെയിൻ ഡ്രൈവറെ സഹായിക്കാൻ ശ്രമിക്കുന്നത് കാണാം. തായ്‌ലൻഡിൽ നിന്നുള്ള ഫേസ്ബുക്ക് പേജുകളും ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പ്രചാരത്തിലുള്ള ഈ വീഡിയോ തായ്‌ലൻഡിൽ നിന്നുള്ളതാണെന്നും കൊച്ചി പോർട്ടുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇതോടെ വ്യക്തമാണ്.