ന്യൂഡൽഹി: നരേലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്ത മറ്റൊരാൾക്കായി തിരച്ചിൽ തുടങ്ങി. പെൺകുട്ടിയുടെ അഴുകിയ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. രണ്ടുപേരാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പിന്നീട് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫെബ്രുവരി 15നാണ് മാനസിക വൈകല്യമുള്ള കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയത്. പോലീസ് പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കടയുടമ തന്റെ കടയുടെ സ്റ്റോർ റൂമിൽ നിന്നും നാറ്റം വരുന്നതായി പോലീസിനെ അറിയിക്കുകയായിരുന്നു. ജീവനക്കാരിലൊരാളെ കാണാതായെന്നും കടയുടമ അറിയിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഝാൻസിയിലായിരുന്ന കടയുടമ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ചാണക വറളികൾക്കൊപ്പം ചാക്കിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടു പ്രതികളും അടുത്തുതന്നെ താമസിക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യണമെന്ന് പദ്ധതിയിട്ടിരുന്നു. ജോലിക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് കുട്ടിയെ ഇവർ ബലാത്സംഗം ചെയ്തത്.