കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ മാവോയിസ്റ്റ് സാനിധ്യം. ആറ് പേരടങ്ങിയ സംഘമാണ് എത്തിയത്. പാമ്പൻകോട് മലയിൽ എം സണ്ണി, എം സി അശോകൻ എന്നിവരുടെ വീടുകളിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇവർ എത്തിയത്. സംഘത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉണ്ടായിരുന്നു. അശോകൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണ് ഇവർ മടങ്ങിയത്.
ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. സംഘത്തിലെ ഒരാൾ തോക്കുമായി റോഡിൽ നിന്നു. മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ആറ് പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ പറഞ്ഞു. വിവരം അറിഞ്ഞ് നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തി. കഴിഞ്ഞ വർഷം വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
















