കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. അടൂര്‍ സ്വദേശി ഷമീര്‍ (കാട്ടാളന് ഷമീര്‍ -38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍ എന്ന് പോലിസ് അറിയിച്ചു.
അങ്കമാലി കറുകുറ്റിയിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിലാണ് ഇയാളെ പോലീസ് തിരഞ്ഞിരുന്നത്.ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം ആറായി.
കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂർ, പുനലൂർ ഭാഗങ്ങളിൽ കഞ്ചാവിന്റെ വിതരണവുമുണ്ട്.
2021 നവംബർ 8നാണ് ആന്ധ്രയിലെ പഡേരുവിൽ നിന്നും രണ്ട് കാറുകളിൽ കടത്തിയ 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ വച്ച് ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ അനസ്, ഫൈസൽ, വർഷ, മുനീർ, അബു താഹിർ എന്നിവരെ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.