കൊച്ചി: തലയോട്ടിക്ക് ഗുരുതര പരിക്കോടെ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര സ്വദേശിനിയായ രണ്ടര വയസുകാരിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ചികിത്സയ്ക്ക് എത്തിക്കാന്‍ വൈകിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുട്ടിയ്ക്ക് അപസ്മാരം വന്നതോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ അമ്മ തയ്യാറായത്.
കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ രാത്രി അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതരുടെ കണ്ണിൽ പെടുന്നത്.
മുഖത്തും തലയോട്ടിക്കും കാര്യമായ പരിക്കുളള കുട്ടിയ്ക്ക് എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ച് ആശുപത്രിയിലെത്തിച്ച അമ്മയും അമ്മൂമ്മയും വ്യത്യസ്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിച്ചുകൊണ്ടിരുന്നപ്പോള്‍ മുകളില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റു എന്നാണ് അമ്മ നല്കിയ മൊഴി. എന്നാല്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് അമ്മൂമ്മയുടെ മൊഴി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ രണ്ടാനച്ഛന് മര്‍ദ്ദിച്ചെന്നാണ് വ്യക്തമായത്.
ഇയാളെ ഇതുവരെയും പിടിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഒരു ദിവസത്തെ മര്‍ദ്ദനമല്ലെന്നും ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിക്കുകയാണ്.