ന്യൂഡൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡിന്‍റെ കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്‌സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.
കൊവിഡ് പ്രതിരോധത്തിലെ പുതിയ പ്രതീക്ഷയായി കോര്‍ബെ വാക്‌സ് വാക്‌സിന്‍. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന് ചെലവു കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഫ്രിക്ക ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയാല്‍ മാത്രമേ കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ എന്ന ഗവേഷകരുടെ നിഗമനമാണ് പുതിയ വാക്‌സിന്റെ കണ്ടെത്തലിലേക്കു വഴിതെളിച്ചത്.
അമേരിക്കയിലെ ടെക്‌സാസിലെ ചില ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. കൊവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരെ പോരാടാന്‍ വികസ്വര രാജ്യങ്ങളേയും അവികസിത രാജ്യങ്ങളേയും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കൊവിഡ് 19 തടയാനാകുമെന്നാണ് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്. ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനും ചേര്‍ന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍, ഓപ്പണ്‍ ലൈസന്‍സോടെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ഉത്പാദനാവകാശം കൈമാറിയത്.
കോര്‍ബെവാക്‌സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനായിരിക്കുമെന്നാണ് സൂചന. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് ഡോസ് ഒന്നിന് 300-400 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 600 രൂപ മുതലാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിന് 400 രൂപയും റഷ്യന്‍വാക്‌സിനായ സ്പുട്‌നികിന് 995 രൂപയുമാണ് ഒരു ഡോസിന്റെ ചെലവ്. ജിഎസ്ടി അടക്കം രണ്ടായിരം രൂപയാണ് രണ്ടു ഡോസ് സ്പുട്‌നിക് വാക്‌സിന്റെ ചെലവ്.
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ബയോളജിക്കല്‍ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭ്യമാകും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.