രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമൊരുക്കാൻ യൂറോപ്യൻ കമ്പനിയായ എസ്.ഇ.എസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്ഫോംസ്. രണ്ട് കമ്പനികളും ചേർന്ന് ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു, അതിൽ ജിയോ പ്ലാറ്റ്ഫോമുകളും (ജെ.പി.എൽ) എസ്.ഇ.എസും യഥാക്രമം 51 ശതമാനവും 49 ശതമാനവും ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കും.
750 കോടി(10 കോടി ഡോളർ)രൂപയുടേതാണ് ഇടപാട്. എസ്.ഇ.എസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക. 100 ജിബിപിഎസുവരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതർ വ്യക്തമാക്കി. ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഇ.എസിന് നിലവിൽ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.