മൂന്നാർ: ഉഷ്ണമേഖലകളിൽ മാത്രം വിജയം കണ്ടു വന്നിരുന്ന സൂര്യകാന്തി ഇനി മൂന്നാറിന്റെ തണുത്ത മണ്ണിലും പൊന്നു വിളയിക്കും. പരീക്ഷണാടിസ്ഥാനത്തിൽ മൂന്നാറിൽ ഹോർട്ടികോർപ്പ് നടത്തിയ കൃഷിയാണ് വിജയത്തിലെത്തിയത്. സ്ട്രോബറി പാർക്കിന്റെ വിജയത്തിനു പിന്നാലെ പരീഷണാടിസ്ഥാനത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയും വിജയം കണ്ടെതോടെ ഈ കൃഷി കൂടുതൽ വ്യാപകമാക്കുവാൻ ഹോർട്ടികോർപ്പ് ഒരുങ്ങുകയാണ്.
സൂര്യകാന്തി കൃഷിക്കുള്ള സാധ്യതകൾ കൂടി തിരിച്ചറിഞ്ഞ് കൃഷി നടപ്പിലാക്കുവാനാണ് ഹോർട്ടികോർപ്പ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറിൽ സ്ട്രോബറി പാർക്ക് സ്ഥാപിക്കുന്നതിലേക്കായി തൈകൾ നട്ടു തുടങ്ങിയപ്പോഴാണ് സൂര്യകാന്തി ചെടികളും പരീഷണാടിസ്ഥാനത്തിൽ നട്ടത്. ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയിൽ വളരുകയും ചെയ്തു. ഇത് പാർക്കിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വലിയ പ്രചോദനമേകുകയും ചെയ്തു.
വ്യാവസായികമായി വളരെയേറെ പ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തിൽ വളരുവാൻ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാർഷിക രംഗത്ത് പുതിയ സാധ്യതകൾ തേടുകയാണ് പാർക്കിലെ അധികാരികൾ. സ്ട്രോബറി കൃഷി കാണുവാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികൾക്കും സൂര്യകാന്തി മനോഹരമായ കാഴ്ചകളാണ് ഒരുക്കുന്നത്. പാർക്കിലെത്തുന്ന സഞ്ചാരികളുടെ ആവശ്യപ്രകാരം പാർക്കിൽ തന്നെ സൂര്യകാന്തിയുടെ വിത്തുകളും ലഭ്യമാണ്.