കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. ജനുവരി 21നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്.
ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അജു വര്‍ഗീസ്. ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവമാണ് വീഡിയോയിലുള്ളത്. ജിമ്മി എന്ന വിവാഹ ഫോട്ടോഗ്രാഫറായാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോട് പകരം ചോദിക്കാന്‍ ചിലരെത്തുന്ന രംഗമുണ്ട്. ഇവരെ നേരിടാൻ പ്രണവിൻ്റെ കയ്യിലേക്ക് ക്യാമറ സ്റ്റാൻഡ് നൽകിയ ശേഷം മുണ്ട് മടക്കിക്കുത്തി തയ്യാറെടുക്കുകയാണ് അജു. എന്നാല്‍ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ മുണ്ട് കുടുങ്ങും. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അജുവും പ്രണവും ചിരിക്കുന്നതും വീഡിയോയിൽ കാണാം.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FAjuVargheseOfficial%2Fvideos%2F492494642532509%2F&show_text=0&width=560
റാം ജി റാവ് സ്പൂക്കിംഗിലെ പ്രശസ്തമായ ഡയലോഗ് മത്തായിച്ചാ, മുണ്ട്, മുണ്ട് എന്ന അടിക്കുറിപ്പിനൊപ്പമാണ് അജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അരുണ്‍ നീലകണ്ഠൻ എന്ന കഥാപാത്രത്തിൻ്റെ കോളജ് കാലഘട്ടം മുതൽ കുടുംബ ജീവിതം വരെയാണ് സിനിമയിൽ പറയുന്നത്.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ‘ഹൃദയം’ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്ന് പിങ്ക് വില്ല ഫെബ്രുവരി രണ്ടാംവാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്.