കൊല്‍ക്കത്ത: ഏകദിന പരമ്പരയ്ക്കു പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയും തൂത്തുവാരി ഇന്ത്യ. ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
ഇന്ത്യ ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നിക്കോളാസ് പൂരന്റെ അർധ സെഞ്ചുറി പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്.
47 പന്തിൽ 61 റണ്‍സാണ് പൂരൻ അടിച്ചെടുത്തത്. റോവ്മാൻ പവൽ 25 റണ്‍സും റൊമാരിയോ ഷെപ്പേർഡ് 29 റണ്‍സും റോസ്റ്റണ്‍ ചേസ് 12 റണ്‍സും നേടി. മറ്റാർക്കും വിൻഡീസ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല.
ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ദീപക് ചഹാർ, വെങ്കിടേഷ് അയ്യർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. അവസാന ഓവറുകൾ വെടിക്കെട്ട് തീർത്ത സൂര്യകുമാർ 31 പന്തിൽ ഏഴ് സിക്സും ഒരു ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.
ഇഷാന് കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനെ (4) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ഇഷാന് കിഷന് – ശ്രേയസ് അയ്യര്‍ സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ എട്ടു പന്തുകള്‍ക്കിടെ ഇരുവരും പുറത്തായത് ഇന്ത്യയുടെ റണ്‍റേറ്റിനെ ബാധിച്ചു.
16 പന്തില്‍ നിന്ന് നാല് ഫോറടക്കം 25 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ഹെയ്ഡന് വാല്‍ഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 31 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 34 റണ്‍സെടുത്ത കിഷനെ റോസ്റ്റന്‍ ചേസും പുറത്താക്കി. നാലാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 15 പന്തില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – വെങ്കടേഷ് അയ്യര്‍ സഖ്യം അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ ഇന്ത്യന്‍ സ്കോര്‍ 184-ല്‍ എത്തിക്കുകയായിരുന്നു. 19 പന്ത് നേരിട്ട വെങ്കിടേഷ് രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.