റഷ്യയുടെ അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്നും അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ എംബസി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം ഇപ്പോൾ നൽകിയിരിക്കുന്നത്.
യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. യുക്രൈനിലുള്ള ഇന്ത്യക്കാർ പ്രത്യേകിച്ച് വിദ്യാർഥികൾ ആ രാജ്യത്ത് നിൽക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കിൽ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പു ലഭിക്കുകയും ചെയ്തിട്ടുണ്ട്.
















