കൊൽക്കത്ത: ഏകദിന പരമ്പരയ്ക്കു പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നു മൂന്നാം മത്സരത്തിനിറങ്ങും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴു മുതലാണ് മത്സരം. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിൻ്റെയും അഭാവത്തില്‍ ടീം ഇന്ത്യ ഇന്ന് യുവതാരങ്ങളെ പരീക്ഷിക്കും.
ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഇരുതാരങ്ങളും ടീമിൻ്റെ ബയോബബിൾ വിട്ടിരുന്നു. കോഹ്ലിയുടെയും പന്തിൻ്റെയും അഭാവത്തിൽ ശ്രേയസ് അയ്യർ, റുതുരാജ് ഗെ്യ്ക്വാദ്, ദീപക് ഹൂഡ എന്നിവർ ഊഴം കാത്തിരിക്കുന്നു.
പരീക്ഷണത്തിന് മുതിരുകയാണെങ്കിൽ പേസർമാരായ മുഹമ്മദ് സിറാജിനോ ആവേഷ് ഖാനോ ഒരുപക്ഷേ അവസരം നൽകും. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. ട്വന്റി20 ലോകകപ്പിന് മുമ്പ് വിൻഡീസിനെതിരെ ലിമിറ്റഡ് ഓവർ പരമ്പരകൾ ചേർത്ത് 6-0ത്തിൻ്റെ ലീഡ് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയാകില്ല.