കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പേരിൽ ഒരു വ്യാജ പ്രചാരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഇനി മുതൽ 10-ാം ക്ലാസിലെ പൊതു പരീക്ഷ ഉണ്ടാവില്ലെന്ന തരത്തിലുള്ള ഒരു സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് 12-ാം ക്ലാസിൽ മാത്രമേ ഇനി പൊതുപരീക്ഷ ഉണ്ടാവൂ എന്നും സന്ദേശത്തിലുണ്ട്. വാട്‌സ് ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചു. എന്നാൽ ഈ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് ഈ പ്രചാരണം വ്യാജമാണെന്നറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അറിയിപ്പും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല എന്നും തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പിഐബി ഫാക്ട് ചെക്ക് അറിയിച്ചു.