കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന് ഭീഷണി ഉണ്ടായിരുന്നതായും ക്രൂരമായാണ് ആക്രമിക്കപ്പെട്ടതെന്നും കുടുംബം. കൊല്ലുമെന്ന് പറഞ്ഞ് ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ദീപുവിന്‍റെ അച്ഛന്‍ പറയുന്നത്. ദീപുവിനെ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദ്ദിക്കുകയായിരുന്നു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നില്‍ നിന്നായിരുന്നു മകന് അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തി. ഭയന്നാണ് ആദ്യം ദീപുവിനെ ആശുപത്രിയിൽ വിടാതിരുന്നത്. അറിയാവുന്നവർ തന്നെയാണ് ദീപുവിനെ മർദ്ദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകനായതുകൊണ്ടാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു.
അതേസമയം, സംസ്ക്കാരച്ചടങ്ങിലടക്കം കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടിയതിന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അടക്കം കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസെടുക്കും. ദീപുവിന്‍റെ സംസ്കാരം കഴിഞ്ഞ് 12 മണിക്കൂർ പിന്നിടും മുമ്പാണ് കുന്നത്തുനാട് പൊലീസിന്‍റെ നടപടി. കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്വന്‍റി ട്വന്‍റി നഗറിലും ദീപുവിന്‍റെ വീട്ടിലും ഒത്തുകൂടിയെന്നാണ് കേസ്.