തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 267 മദ്യശാലകൾ തുറക്കാൻ നീക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.സർക്കാർ നടപടി ആപത്കരമാണെന്നും നടപടിയിൽ നിന്ന് പിന്മാറണമെന്നും വ്യക്തമാക്കി വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്; ഇപ്പോള്‍ത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട് പുതിയതായി 267 മദ്യശാലകള്‍ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു. നാടിനെ സര്‍വ്വത്ര നാശത്തിലേയ്ക്കു നയിക്കുന്ന മദ്യവ്യാപന നയം ജനനന്മയെ മുന്‍നിര്‍ത്തി അടിമുടി പൊളിച്ചെഴുതണമെന്നും താല്പര്യപ്പെടുന്നു.
2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്. തുടര്‍ന്നും ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബെവ്കോയുടെ 270, കണ്‍സ്യുമര്‍ഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തിലധികം കള്ളുഷാപ്പുകള്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്.