മലപ്പുറം: ഏഴ് വയസുകാരൻറെ മരണ കാരണം ഷിഗല്ലയെന്ന (Shigella) സൂചനക്ക് പിന്നാലെ, മലപ്പുറത്ത് (Malappuram) പ്രതിരോധപ്രവത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്. മലപ്പുറം പുത്തനത്താണിയിൽ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിൻറെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വയറിളക്ക രോഗത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്.
മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചർദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. കരുതലുണ്ടെങ്കിൽ ഷിഗല്ലയെ അകറ്റിനിർത്താം.