കീര്‍ത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, സാമന്ത, മഹേഷ് ബാബു എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. അഭിഭാഷക വേഷത്തില്‍ കീര്‍ത്തിയും ടൊവിനോയുമാണ് പോസ്റ്ററിലുള്ളത്.
നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിൻ്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിൻ്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.
മഹേഷ് നാരായണന്‍ എഡിറ്റിങ്. വിനായക് ശശികുമാറിൻ്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.