ലണ്ടൻ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടി നടത്തിയ കേസിൽ പൊലീസ് അന്വേഷണവുമായി സഹകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ ചോദ്യവലി പൂരിപ്പിച്ച് അദ്ദേഹം നൽകി. പാർട്ടിഗേറ്റ് കുംഭകോണമെന്ന പേരിൽ വിഷയം ബ്രിട്ടനിലാകെ രൂക്ഷമായി ആഞ്ഞടിക്കുകയാണ്.
പക്ഷെ , പ്രതിപക്ഷമടക്കം രാജി ആവശ്യപ്പെട്ടിട്ടും ബോറിസ് അതിന് തയ്യാറല്ല. 2020, 2021-വർഷങ്ങളിലായി നടന്ന ഡൗണിംഗ് സ്ട്രീറ്റിലെ 12 ഒത്തുചേരലുകളുമായി ബന്ധപ്പെട്ട് 50ലധികം ആളുകൾക്ക് ചോദ്യാവലി അയക്കുമെന്നും നിയമപരമായി ഏഴ് ദിവസത്തിനുള്ളിൽ ഉത്തരം നൽകണമെന്നും പൊലീസ് അറിയിച്ചിരുന്നു. മറുപടി നൽകിയില്ലെങ്കിൽ പിഴ ഈടാക്കേണ്ടി വരുമെന്ന് ബോറിസിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.