പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്കെതിരെ കേസെടുക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് നിര്‍ദേശം.
അപകടമേഖലയിലേക്ക് ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കും. മേഖലയില്‍ പൊലീസ്, വനംവകുപ്പ് പട്രോളിംഗിന് സഹായം നല്‍കാന്‍ സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരെ ഉപയോഗിക്കും. സ്ഥലത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. തുടർന്ന് സൈന്യമെത്തിയാണ് ബാബുവിനെ താഴെയിറക്കിയത്. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം മറ്റൊരു യുവാവും കൂമ്പാച്ചി മലയിലേക്ക് കയറിയിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നായിരുന്നു പുറത്ത് വന്ന വിവരം. തുടർന്ന് ഫയർഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ മലയിൽ കയറരുതെന്ന് പറഞ്ഞ് വനം മന്ത്രിയും, ബാബുവിന്റെ അമ്മയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്.
ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.