കണ്ണൂർ: കല്ല്യാണ വീട്ടിലെ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഏച്ചൂർ സംഘത്തിൽ ഉൾപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്.
തോട്ടടയിൽ മിഥുനൊപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിർമിക്കാൻ വെടിമരുന്ന് നൽകിയ അനൂപിനായി തെരച്ചിൽ തുടരുകയാണ്.
ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു. കല്ല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.
ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു.