പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിയിൽ എച്ച്.ആര്.ഡി.എസിനെതിരെ സംസ്ഥാന പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷൻ കേസെടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും.
എച്ച്.ആര്.ഡി.എസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. സ്വര്‍ണ കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് നിയമനം നൽകിയ എൻജിഒ ആണ് എച്ച്ആർഡിഎസ്.
കഴിഞ്ഞ ദിവസമാണ് എച്ച്ആർഡിഎസ് എന്ന എൻ.ജി.ഒയിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി മാനേജർ പദവിയിലാണ് സ്വപ്ന സുരേഷിന് നിയമനം ലഭിച്ചത്. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ സൂചിപ്പിച്ചിരുന്നു. ആദിവാസി മേഖലയിൽ വീടുകൾ വച്ചുനൽകാനും മറ്റുമായി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്. വിദേശത്തുനിന്ന് ഇതിനായി പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാകും സ്വപ്ന സുരേഷിന് ലഭിക്കുക.
മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്പ്പ്മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്.
എന്നാൽ കഴിവുള്ളതിനാലാണ് എച്ച്ആർഡിഎസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാൽ വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു.