രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടക്കം. രാജ്കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്സ് 148ന് അവസാനിച്ചു.
രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി.
നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് രണ്ടാം ഇന്നിംഗ്സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മനു കൃഷ്ണന് ഒരു വിക്കറ്റുണ്ട്. ഒമ്പത് ഓവര്‍ എറിഞ്ഞ എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു. 24 ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.