കോവിഡിന്‍റെ പശ്ചാത്തലത്തിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായാണ് നടന്നത്. നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. പൊങ്കാലയ്ക്കെത്തുന്ന നിരവധി ഭക്തരിൽ നിന്ന് കുറച്ചുപേരെ മാത്രം തിരഞ്ഞെടുക്കുന്നത് നീതികേടാകുമെന്ന് ട്രസ്റ്റ് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പുള്ള വർഷങ്ങളിൽ നാല്പത് ലക്ഷത്തോളം പേർ വരെ എത്തുമായിരുന്ന പൊങ്കാലയാണ് ഇന്ന് വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയത്. എന്നാൽ പൊങ്കാലയുടെ പേരിൽ ചിലർ വ്യാജപ്രചാരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
തമിഴ് താര ദമ്പതികളായ സൂര്യയും ജ്യോതികയും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും കുടംബ വിശേഷങ്ങള്‍ ഏറെ താത്പര്യത്തോടെ കാണുന്നവരാണ് മലയാളികള്‍. അതിനിടെ താരങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിയെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സൂര്യയും ജ്യോതികയും പൊങ്കാലയുടെ മുന്നില്‍ ഇരുന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് താരങ്ങള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയപ്പോഴുള്ള ചിത്രമല്ല. കാരണം, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോവിഡ് മാനദണ്ഡം പാലിച്ചാണ് ആറ്റുകാല്‍ പൊങ്കാല നടത്തുന്നത്. ക്ഷേത്രപരിസരത്തോ സമീപമുള്ള റോഡിലോ ഒന്നും തന്നെ പൊങ്കാല അര്‍പ്പിക്കാന്‍ അനുവാദമില്ല. ഈ വര്‍ഷത്തെ പൊങ്കാല നിവേദ്യവും സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത്.
ഭക്തര്‍ അവരവരുടെ വീടുകളില്‍ പൊങ്കാല നിവേദിച്ച് വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സൂര്യയും ജ്യോതികയും ഇന്നലെ വീട്ടില്‍ പൊങ്കാല നിവേദിച്ചോ എന്നാണ് ഇപ്പോൾ അറിയേണ്ടത്. നിരവധി മാധ്യമങ്ങള്‍ ഈ പ്രചരിക്കുന്ന ചിത്രം പങ്കിട്ടിട്ടുള്ളതായി കണ്ടെത്തി. ഒരു മാധ്യമത്തിൽ ഇക്കഴിഞ്ഞ ജനുവരി 14ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് തൈപ്പൊങ്കല്‍ ആഘോഷത്തില്‍ താരങ്ങള്‍ ആശംസ നേര്‍ന്നുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമെന്നാണ്. ഈ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ചിത്രവും ഇതാണ്.
ജ്യോതികയുടെ ഇന്‍സ്റ്റഗ്രാമിലും സമാനമായ ചിത്രം പങ്കുവച്ചിരുന്നു. സൂര്യയുമായി പൊങ്കല്‍ അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ അനിയനും നടനുമായ കാര്‍ത്തിയും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രധാന ആഘോഷമാണ് തൈപ്പൊങ്കല്‍. വിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്ന ഈ ദിവസം തയാറാക്കുന്ന പ്രത്യേക ഭക്ഷണമാണ് പൊങ്കല്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ അര്‍പ്പിക്കുന്ന പൊങ്കാലയ്ക്ക് സമാനമാണ് പൊങ്കല്‍. ലഭ്യമായ വിവരങ്ങളില്‍ നിന്ന് സൂര്യയും ജ്യോതികയും ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെത്തി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തൈപ്പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണെന്ന് ഇതോടെ വ്യക്തമാണ്.