മുംബൈ: മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. 24ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്.
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
2015ൽ സിംബാവെയ്‌ക്കെതിരായ ടി20യിലൂടെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ ആകെ 11 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനുള്ള അവസരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരൊറ്റ ഏകദിനത്തിലും 10 ടി20യിലുമാണ് സഞ്ജു ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. വല്ലപ്പോഴും ലഭിക്കുന്ന അപൂർവം അവസരങ്ങൡലാണെങ്കിൽ ശ്രദ്ധപിടിച്ചുപറ്റാവുന്ന തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായില്ല.
വെസ്റ്റിൻഡീസുമായുള്ള പരമ്പരയിൽ ഇഷൻ കിഷന് കാര്യമായി തിളങ്ങാനാകാത്തതിനാൽ ടി20 പരമ്പരയിൽ വിക്കറ്റ് കാക്കാൻ സഞ്ജുവിനെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.