തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ വിഷയം ഗൗരവമായി എടുക്കുകയാണ്. പെൻഷൻ അവസാനിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ഫയൽ വിളിപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന സ്കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ബജറ്റിൽ പത്ത് കോടി രാജ് ഭവന് നീക്കി വച്ചതിനെ കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഇന്ത്യയിൽ കേരളത്തിലെ രാജ്ഭവനിൽ ആണ് ഏറ്റവും കുറവ് പേഴ്സണൽ സ്റ്റാഫ് ഉളളതെന്നും ഗവർണർ അവകാശപ്പെടുന്നു.
നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ല.
രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചു.
കാനത്തിനും കടുത്ത ഭാഷയിലായിരുന്നു ഗവർണ്ണറുടെ മറുപടി. കാനം രാജേന്ദ്രൻ ഭരണമുന്നയിൽ തന്നെയല്ലേ എന്നാണ് ചോദ്യം. താൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ പ്രശ്നങ്ങൾക്ക് തന്നെ കരുവാക്കരുത്. ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഇടത് മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഗവർണറുടെ ആരോപണം. ഇടത് മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്. പരസ്യമായി തന്നെ നിങ്ങൾ തമ്മിൽ തല്ലുകയാണ്. താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ എന്തിന് അതിന് കീഴടങ്ങണമെന്നാണ് ഗവർണറുടെ ചോദ്യം.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്. ”പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ”, എന്നാണ് ഗവർണർ പറഞ്ഞത്.
പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി ഡി സതീശൻ ഇതിന് നൽകിയ മറുപടി. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞിരുന്നു.