തിരുവനന്തപുരം; സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാർഷിക സർവേ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് സർവേ നടത്തുന്നത്. കേന്ദ്ര ക്ഷയരോഗ നിവാരണ വിഭാഗവും, ലോകാരോഗ്യ സംഘടന ഇന്ത്യ പ്രതിനിധികളും, ഐസിഎംആർ-എൻഐആർടി, ഇന്ത്യൻ അസോസിയേഷൻ ഫോർ പ്രിവന്റീവ് & സോഷ്യൽ മെഡിസിൻ എന്നിവ സംയുക്തമായാണ് സബ് നാഷണൽ സർട്ടിഫിക്കേഷൻ പദ്ധതിയിലൂടെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് സബ് നാഷണൽ സർട്ടിഫിക്കേഷൻ ആദ്യമായി ആരംഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മാത്രമാണ് ഇന്ത്യയിൽ ആദ്യമായി മെഡൽ നേടിയത്. ഈ വർഷം സംസ്ഥാനം 14 ജില്ലകളെയും സബ് നാഷണൽ സർട്ടിഫിക്കേഷനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഫീൽഡ് തലത്തിൽ ആശാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ജില്ലാ ടിബി ഓഫീസർമാരുടെ സഹകരണത്തോടെ ഫെബ്രുവരി 14 മുതൽ മാർച്ച് പകുതിവരെയാണ് സർവേ നടത്തുന്നത്. സർവേയിൽ ഓരോ ജില്ലയിലും രണ്ടുപേരടങ്ങുന്ന പതിനഞ്ചു സംഘങ്ങളുണ്ടാകും.
കോവിഡ് ഉയർത്തിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് 2025 ഓടെ ക്ഷയരോഗ ബാധിതരുടെ എണ്ണം 2015നെ അപേക്ഷിച്ച് 80 ശതമാനം കുറയ്ക്കുന്നതിനായി കേരളം കർമ്മനിരതയോടെ പ്രവർത്തിക്കുന്നു.