തിരുവനന്തപുരം;അശരണരായ സഹകാരികൾക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ചികിത്സയ്ക്കും രോഗ ശുശ്രൂഷയ്ക്കും പരമാവധി 50,000 രൂപ വരെ സഹായധനമായി നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. അശരണരും ആലംബഹീനരുമായ സഹകാരികൾ അവരുടെ ആശ്രിതർ എന്നിവർക്ക് ഈ പദ്ധതി വഴി സഹായം ലഭിക്കും. ജീവിതകാലം മുഴുവൻ സഹകരണ മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും വാർദ്ധക്യ കാലത്ത് വരുമാനമില്ലാതെ അവശരാകുകയും ചെയ്തവരെ പരിഗണിക്കുകയാണ് സഹകരണ വകുപ്പ്.
മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ സഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയിൽ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ വളരെക്കാലം പ്രവർത്തിക്കുകയും സഹകരണ മേഖലയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്തവർക്കാണ് ആശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുക. അർഹതപ്പെട്ട സഹകാരി മരണപ്പെട്ടാൽ ഇവരുടെ ആശ്രിതർക്ക് ( അമ്മ, ഭാര്യ, മകൻ, മകൾ, വളർത്തു മകൾ, വളർത്തു മകൻ ) 25,000 രൂപയും സഹായധനമായി നൽകും. ദീർഘകാലമായുള്ള സഹകാരികളുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ സ്ഥിരമായി താമസിക്കുന്ന പരിധിയിലുള്ള അസിസ്റ്റന്റ് രജിസ്ട്രാർ/സർക്കിൾ യൂണിയൻ സെക്രട്ടറിക്കാണ് നൽകേണ്ടത്. ആവശ്യമായ സാക്ഷ്യപത്രങ്ങളും അപേക്ഷയോടൊപ്പം ചേർക്കണം. ഈ അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വിശദമായ പരിശോധന നടത്തി ജോയിന്റ് രജിസ്ട്രാർ മുഖാന്തിരം സഹകരണ സംഘം രജിസ്ട്രാർക്ക് നൽകണം. രജിസ്ട്രാറാണ് സംസ്ഥാന തല സമിതിയുടെ അംഗീകാരം തേടാനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹകരണ വകുപ്പ് മന്ത്രിയായിരിക്കും സംസ്ഥാന തല സമിതിയുടെ ചെയർമാൻ.