കൊച്ചി: ട്വന്‍റി 20 എന്ന പാർട്ടി ഇല്ലാതാകുമെന്ന് ഭയക്കുന്ന കിറ്റക്സ് ഗ്രൂപ്പ് എംഡിയും പാർട്ടി കൺവീനറുമായ സാബു എം ജേക്കബ് ദീപുവിന്‍റെ മരണം രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ വ്യക്തമാക്കി. സാബു ജേക്കബ് ദീപുവിന്‍റെ മരണത്തിന് പിന്നിൽ താനാണെന്ന് ആരോപിക്കുന്നതും വിഷയം കത്തിക്കുന്നതും സ്വാർത്ഥലാഭത്തിന് വേണ്ടിയാണ്. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും വ്യാജപ്രചാരണങ്ങൾക്കെതിരെ സാബു എം ജേക്കബിന്‍റെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീനിജിൻ വ്യക്തമാക്കി.
വിളക്കണയ്ക്കൽ സമരമെന്ന പേരിൽ ട്വന്‍റി 20 നടത്തിയത് ചട്ടവിരുദ്ധമായ സമരമാണെന്ന് ശ്രീനിജിൻ പറയുന്നു. ”വിളക്കുകാലുകൾ സ്ഥാപിക്കാനുള്ള അവകാശം കെഎസ്ഇബിക്കാണ്. അതിനായി ട്വന്‍റി 20-ക്കോ സാബു എം ജേക്കബിനോ പൈസ പിരിക്കാനുള്ള അവകാശമില്ല. അതല്ല എങ്കിൽ പഞ്ചായത്ത് പറയട്ടെ”, എന്നും ശ്രീനിജിൻ വ്യക്തമാക്കി.