കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന് പിന്നിൽ സിപിഎം ആണെന്ന് ട്വന്റി ട്വന്റി നേതാവും കിറ്റെക്സ് എംഡിയുമായ സാബു എം ജേക്കബ്. കൊലപാതകം പാർട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. എംഎൽഎ ഗുണ്ടകളെ അഴിച്ചു വിട്ടു. ട്വന്റി ട്വന്റി പഞ്ചായത്തുകളുടെ പ്രവർത്തനം പോലും തടസപ്പെടുത്തുന്ന നടപടിയാണ് സിപിഎമ്മിൻ്റെയും എംഎൽഎയുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഒളിച്ചിരുന്ന് ദീപുവിനെ ആക്രമിച്ചു. 15 മിനിറ്റോളം മര്‍ദിച്ചു. ദീപുവിൻ്റെ ശരീരത്തിൽ പുറമേക്ക് മുറിവുകളില്ല. പ്രഫഷണലായാണ് കൊലപാതകം നടത്തിയത്. പിന്നിൽ എംഎൽഎ ശ്രീനിജനാണ്. അദ്ദേഹം എംഎല്‍എ ആയശേഷം അന്‍പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. എംഎൽഎയെ ഒന്നാം പ്രതിയാക്കണം. ആരെയും കൊല്ലാൻ എംഎൽഎ ലൈസൻസ് നൽകിയിരിക്കുകയാണ്. തന്നെയും കിറ്റെക്സിനെയും ട്വന്റി ട്വന്റിയെയും ഇല്ലായ്മചെയ്യുകയാണ് ലക്ഷ്യം.
ട്വന്റി ട്വന്റി ഭരണം മോശമാണെന്ന് വരുത്തിതീർക്കാൻ എംഎൽഎ ശ്രമിക്കുന്നു. 10 മാസമായി പഞ്ചായത്തിൻ്റെ പ്രവർത്തനം നടത്താനാവുന്നില്ല. ട്വന്റി ട്വന്റി തുടങ്ങി പത്ത് വർഷ കാലയളവിനിടെ ഒരു പ്രവർത്തകനും മറ്റു പാർട്ടിക്കാരെ ആക്രമിച്ചിട്ടില്ല. പഞ്ചായത്തുകൾ ആവശ്യപ്പെട്ടാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് തുടങ്ങിയത്. നാലു പഞ്ചായത്തുകളില്‍ ഭീകരാന്തരീക്ഷമാണ്.
ആക്രമിക്കപ്പെട്ടവര്‍ പേടിച്ച് പരാതിപോലും നല്‍കുന്നില്ല. പഞ്ചായത്ത്, പോലീസ് ഭരണത്തില്‍ എംഎല്‍എ നിരന്തരം ഇടപെടുന്നു. ഭീഷണിപ്പെടുത്തുന്നുവെന്നും സാബു ആരോപിച്ചു. ദീപുവിന് നേരെ നടന്നത് ക്രൂരമായ അക്രമമാണ്. ആശുപത്രിയിൽ നൽകിയ മൊഴിയിൽ ദീപു താൻ ആക്രമിക്കപ്പെട്ടുവെന്ന് മൊഴി നൽകിയിരുന്നു. ആശുപത്രി കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു.