പാലക്കാട്: പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്ഥലം മാറ്റി. ജില്ലാ ഫയർ ഓഫീസർ വി കെ ഋതീജിനെ തൃശൂർ വിയ്യൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന റിപ്പോര്‍ട്ടിലാണ് നടപടി.
ചെറാട് മലയിലെ രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലായ്മയിൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടി.
പാലക്കാട് സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.ഹിദേഷിനെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫിസര്‍ ജോമി ജേക്കബിനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി. മലപ്പുറം ജില്ലാ ഫയര്‍ ഓഫിസര്‍ ടി.അനൂപിനാണ് പാലക്കാട് ജില്ലയുടെ ചുമതല.
റീജിയണല്‍ ഫയര്‍ ഓഫിസറുടെ അന്വേഷണത്തില്‍ ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
ചെറാട് കൂമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് ഫയര്‍ ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തിയിരുന്നു.
40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവന്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും തന്നെ സംസ്ഥാന ഓഫീസിലോ ടെക്നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും പരാതികള്‍ വ്യാപകമായിരുന്നു.