ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ്‌നാട്.
കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നതു ശരിയല്ലെന്നാണു തമിഴ്നാടിന്റെ നിലപാട്. ഗവർണറുടെ പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നു തമിഴ്നാട് വ്യക്തമാക്കി.
നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന നിര്‍ദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. ഇത് തമിഴ്‌നാട് എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരുവിധ ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്‌നാട്. അതിനാലാണ് തമിഴ്‌നാട് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.