കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം. പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. പരാതിക്കാരി തന്നെ കെണിയിൽ പെടുത്താൻ ഉള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ ഹർജിയിൽ മറുപടി നൽകണം. വധഗൂഢാലോചനക്കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻ പിള്ള വ്യക്തമാക്കിയിരുന്നു.