ഒരു പുരുഷൻ ഒരു സ്ത്രീയുടെ കഴുത്ത് അറുക്കുന്നതായി കാണിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നു. ഇസ്‍ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സൂററ്റിൽ ഒരു മുസ്‌ലിം യുവാവ് ഒരു ഹിന്ദു യുവതിയെ കൊലപ്പെടുത്തിയെന്ന വ്യാജ അവകാശവാദം ഉന്നയിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കളെ ഉണരൂ എന്ന വാചകത്തോടൊപ്പമാണ് വീഡിയോ പങ്കുവെക്കുന്നത്.
കാണുന്നവരിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ദൃശ്യങ്ങൾ സൂററ്റിൽ നിന്നുള്ളതാണ്. കഴുത്തറുക്കുന്നതിന് മുമ്പ് പെൺകുട്ടിയെ കത്തിമുനയിൽ പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ വർഗീയ വശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇരയും കുറ്റവാളിയും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്നും ലോക്കൽ പോലീസ് തന്നെ പറയുന്ന കാര്യമാണ് വർഗീയത പടർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
വൈറൽ വീഡിയോകളിലൊന്നിൽ ഒരാൾ പെൺകുട്ടിയെ കത്തിമുനയിൽ പിടിച്ച് നിൽക്കുന്നത് കാണിക്കുന്നു, അതേസമയം സമീപത്തുള്ളവരെ മാറിനിൽക്കാൻ ഭീഷണിപ്പെടുത്തുന്നു. മറ്റൊരു വീഡിയോയിൽ, പുരുഷൻ അവിടെ നിൽക്കുമ്പോൾ പെൺകുട്ടി അവന്റെ കാലുകൾക്ക് സമീപം രക്തത്തിൽ കുളിച്ച് കിടക്കുന്നത് കാണിക്കുന്നു. രണ്ടാമത്തെ വീഡിയോയിൽ ബാർബറിക് ലവ് ജിഹാദ്, സൂററ്റ്, ഗുജറാത്ത്, വാലന്റൈൻസ് ഡേ എന്ന് എഴുതിയിരിക്കുന്നു.
വീഡിയോയ്‌ക്കൊപ്പം ഒരു ഹിന്ദി അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഇസ്‍ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഒരു മുസ്‌ലിം പട്ടാപകൽ ഒരു ഹിന്ദു പെൺകുട്ടിയുടെ കഴുത്ത് അറുത്തു. ഹിന്ദുക്കൾ ഉണർന്ന് നിങ്ങളുടെ കുട്ടികളെ ഇതുപോലെ അക്രമത്തിൽ നിന്ന് രക്ഷിക്കൂ. നാളെ നിങ്ങളുടെ നമ്പർ വരും. എന്നിങ്ങനെയാണ് വീഡിയോക്ക് നൽകുന്ന അടിക്കുറിപ്പുകൾ.
ഫാക്ട് ചെക്ക്
കീവേഡ് സെർച്ചിൽ സംഭവത്തെക്കുറിച്ചുള്ള ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. 2022 ഫെബ്രുവരി 16 ന് ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 12 ന് ഗുജറാത്തിലെ സൂററ്റിലെ പസോദര ഏരിയയിലാണ് സംഭവം. 21 കാരിയായ യുവതിയെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കഴുത്തറുത്ത് കൊന്നതിന് 20 വയസുള്ള യുവാവിനെ ഫെബ്രുവരി 15 ന് കാമ്‌റെജ് പോലീസ് അറസ്റ്റ് ചെയ്തതായി വാർത്താ റിപ്പോർട്ട് പറയുന്നു.
ഫെനിൽ ഗൊയാനി എന്ന യുവാവിന്റെ പ്രണയാഭ്യർത്ഥന ഗ്രീഷ്മ വെക്കാരിയ എന്ന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ഗോയാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ സംഭവത്തിൽ പ്രതിയും പെൺകുട്ടിയും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണെന്ന് ഒരു വാർത്തയും പരാമർശിച്ചിട്ടില്ല. സംഭവത്തിന് സാമുദായിക വശം ഇല്ലെന്ന് കേസ് റിപ്പോർട്ട് ചെയ്ത സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാകുന്നു. പെൺകുട്ടിയും ആൺകുട്ടിയും ഒരേ സമുദായത്തിൽ പെട്ടവരാണ്.
ചുരുക്കത്തിൽ, മുസ്‌ലിം അല്ലാത്ത, ഒരേ സമുദായത്തിൽപ്പെട്ട യുവാവും യുവതിയുമാണ് വീഡിയോയിൽ ഉള്ളത്. മുസ്‌ലിം യുവാവ് ഹിന്ദു പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന പ്രചാരണം തീർത്തും വ്യാജമാണ്. ഇസ്‍ലാം മത വിശ്വാസികൾക്ക് നേരെ വിദ്വേഷം പരത്താൻ ആഗ്രഹിക്കുന്ന ഏതാനും ആളുകൾ സൃഷ്ടിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക.