തിരുവനന്തപുരം: കെഎസ്ഇബി തര്‍ക്കത്തില്‍ സമര സമിതിയുമായി ഇന്ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി കാര്യമായ ഒരു ധാരണയിലേക്കെത്താൻ മുന്നണി തല യോഗത്തിൽ തീരുമാനമായി. സമര സമിതിയുമായുള്ള വൈദ്യുതി മന്ത്രിയുടെ ചര്‍ച്ച ഇന്ന് ഉച്ചക്ക് 12.30ന് മന്ത്രിയുടെ ഓഫിസിൽ വെച്ചാണ് നടക്കുക.
കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹരിലാലും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.പി. ഗോപകുമാറും യൂനിയനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞത്.
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി, മുൻ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പങ്കെടുത്തത്. യോഗത്തിൽ വിഷയം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി നിലപാടുകൾ കാനം രാജേന്ദ്രനും എളമരം കരീമും വ്യക്തമാക്കി. യൂനിയനുകളെ വിശ്വാസത്തിലെടുക്കുന്ന തരത്തിലാകണം തീരുമാനമെന്ന് നേതാക്കൾ മന്ത്രിയോട് അഭിപ്രായപ്പെട്ടു. എസ്.ഐ.എസ്.എഫിനെ സുരക്ഷക്ക് നിയോഗിച്ച വിഷയം യൂനിയനുകളുടെ അഭിപ്രായംകൂടി ഉൾക്കൊണ്ട് അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. എല്ലാ പ്രശ്നവും തീർക്കും. അതിന്റെ ഫോർമുലയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.