തിരുവനന്തപുരം: കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സി.പി.എം സംഘങ്ങള്‍ക്കും നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിനും ഭൂമി കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സര്‍ക്കാരിന്റെ ഭൂമി ബന്ധക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. കെ.എസ്.ഇ.ബിക്ക് നൂറു കണക്കിന് കോടി രൂപ നഷ്ടമായതിനെ കുറിച്ചും നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വര്‍ഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനില്‍ നിന്നും പിന്‍വലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.