പാലക്കാട്: മലബാർ സിമന്റ്സ് എം.ഡി സംസ്ഥാന സർക്കാറിന് രാജിക്കത്ത് നൽകി. എം.മുഹമ്മദാലിയാണ് സർക്കാറിന് രാജിക്കത്ത് സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി സമർപ്പിക്കുന്നുവെന്നാണ് വിശദീകരണം. അടുത്തിടെ സി.ഐ.ടി.യു എം.ഡിയെ ഉപരോധിച്ചിരുന്നു. തൊഴിലാളി യൂനിയനുകളുമായുള്ള പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, രാജി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിരുച്ചിറപ്പള്ളി സ്വദേശിയായ മുഹമ്മദാലി 2019ലാണ് മലബാർ സിമന്റ്സിലെത്തുന്നത്. എം.ഡിയായി മുഹമ്മദാലി ചുമതലയേൽക്കുമ്പോൾ കനത്ത നഷ്ടത്തിലായിരുന്നു കമ്പനി.
തുടർന്ന് കഴിഞ്ഞ വർഷം കമ്പനി ലാഭത്തിലേക്ക് പോകുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. മലബാർ സിമന്റ്സിൽ സന്ദർശനം നടത്തിയ വ്യവസായ മന്ത്രി കമ്പനിയുടെ നിലവിലെ അവസ്ഥയിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. മലബാർ സിമന്റ്സിലെ ഉൽപാദനം ഇരട്ടിയാക്കാനും അദ്ദേഹം നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് തൊഴിലാളികളും എം.ഡിയും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.