ന്യൂയോർക്ക് : യു.എസിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിന് വിധേയമായ സ്ത്രീയ്ക്ക് എയ്‌ഡ്സ് രോഗമുക്തിയായി. എയ്‌ഡ്സ് രോഗം ചികിത്സിച്ച് മാറ്റപ്പെടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ വനിതയുമാണ് ഇവർ. ലുക്കീമിയയ്ക്ക് ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിലേക്ക് എച്ച്.ഐ.വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളിൽ നിന്ന് സ്റ്റെം സെൽ മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ 14 മാസമായി ഇവർ എയ്‌ഡ്സ് മുക്തയാണ്. ആന്റീ വൈറൽ തെറാപ്പിയുടെയോ മറ്റ് എച്ച്.ഐ.വി ചികിത്സയുടെയോ സ്ത്രീയ്ക്ക് നിലവിൽ ആവശ്യമില്ല. പൊക്കിൾക്കൊടി രക്തത്തിൽ നിന്നുള്ള സ്റ്റെംസെൽ ഉപയോഗിച്ച് നടത്തിയ ട്രാൻസ്പ്ലാന്റേഷനാണിത്. മുമ്പത്തെ രണ്ട് കേസുകളിൽ അസ്ഥിമജ്ജ മാറ്റിവയ്ക്കലിന്റെ ഭാഗമായ സ്റ്റെം സെൽ ആണ് ഉപയോഗിച്ചത്. 2013ൽ എച്ച്.ഐ.വി സ്ഥിരീകരിച്ച സ്ത്രീയ്ക്ക് 2017ലാണ് ലുക്കീമിയ കണ്ടെത്തിയത്.