കൊച്ചി: കാക്കനാട് വാഴക്കാലയിൽ ഉയർന്ന അളവിൽ എംഡിഎംഎ ലഹരി മരുന്നു പിടികൂടിയ കേസിലെ മൊത്തക്കച്ചവടക്കാരൻ എക്സൈസ് പിടിയിൽ. ഫ്ളാറ്റിൽ നിന്നു പിടിയിലായ സംഘത്തിനു ലഹരി നൽകി വന്ന ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കേസിൽ മുഖ്യ പ്രതി ഷംസുദീൻ സേട്ടാണെന്ന് അന്വേഷണ സംഘം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.
വിദേശത്ത് നിന്നു ലഹരി എത്തിച്ചു വിതരണം ചെയ്തിരുന്ന മൊത്തക്കച്ചവടക്കാരനു വേണ്ടി മാസങ്ങളായി തിരച്ചിലിലായിരുന്നു. 25 പ്രതികളുള്ള കേസില്‍ 19 പേർ പിടിയിലായിരുന്നു.
ചെന്നൈ ട്രിപ്പിക്കനിൽ ലഹരിക്കായി എത്തിയ കൊച്ചി സംഘത്തിനു തൊണ്ടിയാർപെട്ടിൽ വച്ചു ലഹരി കൈമാറിയത് ഷംസുദീനാണെന്ന് മൊഴി ലഭിച്ചിരുന്നു. ഷുംസുദീന്റെ ബാങ്ക് അക്കൗണ്ടു പരിശോധിച്ചപ്പോൾ പ്രതികളിൽ നിന്നു പണം നിരവധി തവണ എത്തിയതു കണ്ടെത്തിയതോടെ ലഹരി കടത്തിന്റെ വമ്പൻ സ്രാവ് ഇയാളാണെന്ന് ഉറപ്പിക്കുകയായിരുന്നു.