തിരുവനന്തപുരം;നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങൾ മാത്രമേ മാലിന്യ സംസ്‌കരണ പദ്ധതികൾ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിശുചിത്വത്തിന് പ്രധാന പരിഗണ നൽകുന്ന മലയാളികൾ സാമൂഹിക ശുചിത്വത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പല മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പാക്കാൻ പോകുമ്പോൾ ജനങ്ങൾ ശക്തമായി പ്രതിരോധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാനുള്ള ഫലപ്രദമായ ഇടപെടലുകളുണ്ടാകണം.
പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു മുൻപുതന്നെ അതു നടപ്പാക്കുന്ന സ്ഥലങ്ങളെക്കുറിച്ചു ധാരണയുണ്ടാകണം. നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ എല്ലാ പശ്ചാത്തലവുമൊരുങ്ങി എന്ന് ഉറപ്പായ ശേഷം മാത്രമേ പ്രാരംഭ നടപടികൾ നടത്താവൂ. വരുന്ന അഞ്ചു വർഷംകൊണ്ട് കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.കുടിവെള്ളവും മാലിന്യ സംസ്‌കരണമടക്കമുള്ള പൊതു പദ്ധതികളെ കണ്ണുമടച്ച് എതിർക്കുന്ന സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കണമെന്നു ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. ഇതിനു സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജൽശക്തി അഭിയാൻ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അദ്ദേഹം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുക, അമൃത് 1 ൽ ഉൾപ്പെട്ട ഒമ്പതു നഗരങ്ങളിൽ (സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികളും) ദ്രവമാലിന്യ സംസ്‌ക്കരണം ഉറപ്പുവരുത്തുക, ജലാശയങ്ങൾ പുനരുജ്ജീവിപ്പിച്ച് അതിന് ചുറ്റുമുള്ള പ്രദേശം ഹരിതാഭമാക്കി പാർക്കുകളായി വികസിപ്പിക്കുക തുടങ്ങിയവ അമൃത് 2.0ൽ ഉൾപ്പെടുന്നു. 1372 കോടി രൂപയാണ് കേരളത്തിന് അമൃത് 2.0 യിൽ കേന്ദ്ര സഹായം ലഭിക്കുക. സംസ്ഥാന വിഹിതം ഉൾപ്പടെ ഏകദേശം 3600 മുതൽ 4000 കോടി രൂപ വരെയുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 2011 ലെ ജനസംഖ്യ അനുസരിച്ച് ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 84 മുനിസിപ്പാലിറ്റികൾക്ക് (കോട്ടയം, ആലപ്പുഴ, പാലക്കാട് ഒഴികെ) 50 ശതമാനം കേന്ദ്ര വിഹിതവും കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നീ മുനിസിപ്പാലിറ്റികൾക്കും ആറു കോർപ്പറേഷനുകൾക്കും പദ്ധതി തുകയുടെ മൂന്നിലൊന്ന് കേന്ദ്ര സഹായവും ലഭിക്കും.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൊച്ചി മേയർ എം. അനിൽ കുമാർ, തൃശൂർ മേയർ എം.കെ. വർഗീസ്, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ. രാജു, കണ്ണൂർ ഡെപ്യൂട്ടി മേയർ കെ. ഷബീന, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. പ്രിയ അജയൻ എന്നിവർ അമൃത് 1ലെ അനുഭവങ്ങൾ പങ്കുവച്ചു. ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ്(നഗരകാര്യം) സെക്രട്ടറി ബിജു പ്രഭാകർ, അമൃത് മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ എ.എൽ. ചാൾസ് എന്നിവർ പങ്കെടുത്തു.