മോസ്കോ: യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനായി എത്തിയ കൂടുതൽ സൈനികരെ പിൻവലിച്ച് റഷ്യ റിപ്പോർട്ട് ചെയ്തു. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിൻവലിക്കുമെന്നുമാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
2014ൽ യുക്രെയിനിൽനിന്ന് റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. അടുത്തിടെ ക്രിമിയയിൽ വിന്യസിച്ച സൈനികരെയാണ് പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ സൈന്യത്തിൽനിന്നു കുറച്ചു യൂണിറ്റുകളെ റഷ്യ പിൻവലിച്ചിരുന്നു.
യുക്രെയ്നിൽ നുഴഞ്ഞുകയറാൻ റഷ്യ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള തെളിവാണു സൈന്യത്തെ പിൻവലിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് വ്യക്തമാക്കി.