ന്യൂഡല്‍ഹി: ഡല്‍ഹി തിലക് നഗറില്‍ കിടപ്പുരോഗിയായ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന 87കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87കാരിയെ കണ്ടെത്തിയത്.
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതില്‍ പറയുന്നു. അതേസമയം, വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.