ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിൻ്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന് പരമ്പര നഷ്ടമാവുന്നതിനെ തുടര്‍ന്നാണ് ഇത്.
ഫെബ്രുവരി 16നാണ് വിന്‍ഡിസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇടയിലാണ് കെ എല്‍ രാഹുലിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അവസാന ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ രാഹുല്‍ ഇറങ്ങിയിരുന്നില്ല. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പന്ത്.
ഇത് ആദ്യമായാണ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നതും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച പന്ത് തൻ്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ആരാവും എന്നതില്‍ ബിസിസിഐ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.കോഹ് ലിയുടെ അഭാവത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിച്ചിരുന്നു.
എന്നാല്‍ രാഹുലിൻ്റെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തി. പരിക്ക് പറ്റിയ വാഷിങ്ടണ്‍ സുന്ദറും വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പര കളിക്കില്ല. വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ട്വന്റി20 സംഘത്തിലേക്ക് ഉള്‍പ്പെടുത്തി. 16,18,20 തിയതികളില്‍ ഈഡന്‍ ഗാര്‍ഡനിലാണ് ട്വന്റി20 പരമ്പര.