മാധ്യമപ്രവർത്തക റാണ അയ്യൂബിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലെടുത്തെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോവുന്നതിന്റെ വീഡിയോ ആണ് പങ്കിടുന്നത്. ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവർക്കെതിരെ അടുത്തിടെ നടത്തിയ അന്വേഷണവുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം. എന്നാൽ ഈ വീഡിയോ ഒരു വർഷത്തിലേറെ പഴക്കമുള്ളതാണ്. നിലവിലെ സംഭവവുമായി ബന്ധമുള്ളതല്ല.
മൊഴി രേഖപ്പെടുത്താൻ വിളിച്ച പോലീസ് സ്റ്റേഷനിൽ നിന്ന് റാണ അയ്യൂബ് പുറത്തേക്ക് പോകുന്നത് ആണ് വിഡിയോയിൽ ഉള്ളത്.
എന്നാൽ സംഭവം നിഷേധിച്ച് റാണ അയ്യൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്തതായി നിഷേധിക്കുകയും അവർ വീട്ടിലുണ്ടെന്ന് പറയുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11ന് ഇഡി റാണ അയ്യൂബിന്റെ 1.77 കോടി രൂപ കണ്ടുകെട്ടിയതിന് പിന്നാലെയാണ് വീഡിയോ വൈറലായിരിക്കുന്നത്. ഇതേ തുടർന്ന് തനിക്കെതിരായ ആരോപണങ്ങൾ തള്ളി അയ്യൂബ് ട്വിറ്ററിൽ പ്രസ്താവനയും നടത്തി.
“മാഡം ഇപ്പോൾ എന്ത് പറയുന്നു”, “വിദേശ പണം വാങ്ങി പത്രപ്രവർത്തനത്തിന്റെ പേരിൽ ഹിന്ദുക്കൾക്കെതിരെ കുപ്രചരണവും വിദ്വേഷവും പ്രചരിപ്പിക്കുന്ന റാണാ അയ്യൂബ് പിടിയിൽ”, “1.77 കോടി രൂപ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്, കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമുണ്ട് തുടങ്ങിയ ഹിന്ദി അടിക്കുറിപ്പുകളോടെയാണ് വീഡിയോ പങ്കുവെക്കുന്നത്.
ഫാക്ട് ചെക്ക്
വിഡിയോയ്‌യുടെ ഒരു കീഫ്രെയിം ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ വീഡിയോ കണ്ടെത്താൻ സാധിച്ചു. 2021 ജൂലൈ 2 ന് ന്യൂസ് റിവൈവേഴ്‌സ് എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വൈറലായ വീഡിയോയാണ് കണ്ടെത്തിയത്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്, ‘ഗാസിയാബാദ് വ്യാജ വിദ്വേഷ വീഡിയോ: റാണ അയ്യൂബിനെ യുപി പോലീസ് ചോദ്യം ചെയ്തു, പ്രസ്താവന രേഖപ്പെടുത്തിയിട്ടുണ്ട്’.
യൂട്യൂബിൽ നടത്തിയ കീവേഡ് സെർച്ചിൽ അതേ വീഡിയോ പഞ്ചാബ് കേസരി യുപിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായും കണ്ടെത്തി. തലക്കെട്ടിൽ ‘വയോധികനെ ആക്രമിച്ച കേസ്: റാണാ അയ്യൂബ് മൊഴി നൽകി, രണ്ട് മണിക്കൂർ പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു’ എന്നാണ് നൽകിയിട്ടുള്ളത്.
2021 ജൂണിൽ ഗാസിയാബാദിൽ, ഒരു കൂട്ടം അക്രമികൾ തന്നെ മർദിക്കുകയും താടി മുറിക്കുകയും, തന്നെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിതനാക്കിയെന്ന് ആരോപിച്ച് വയോധികനായ അബ്ദുൾ സമദ് സെയ്ഫി എന്നയാൾ രംഗത്ത് വന്നിരുന്നു. ഈ വീഡിയോ പങ്കുവെച്ചതിനാണ് വിദ്വേഷ വീഡിയോ വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് റാണ അയ്യൂബ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്ന് കേസെടുത്തത്.
ഉത്തർപ്രദേശ് പോലീസ് ഒമ്പത് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ, മാധ്യമപ്രവർത്തകർ, കോൺഗ്രസ് നേതാക്കൾ, വാർത്താ വെബ്‌സൈറ്റ് ദി വയർ എന്നിവർക്കെതിരായിരുന്നു കേസ്. മാധ്യമപ്രവർത്തകരായ റാണാ അയ്യൂബ്, സബ നഖ്‌വി, ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, മൂന്ന് കോൺഗ്രസ് നേതാക്കളായ ഷമ മുഹമ്മദ്, സൽമാൻ നിസാമി, മസ്‌കൂർ ഉസ്മാനി എന്നിവർക്കെതിരെയായിരുന്നു യുപി പോലീസ് കേസെടുത്തത്.
അബ്ദുൾ സമദ് സെയ്ഫിയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന് ശത്രുതയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പോലീസ് പ്രയോഗിച്ചു. വീഡിയോ പങ്കിടുന്നതിന് മുമ്പ് അവർ അവകാശവാദങ്ങൾ പരിശോധിച്ചിട്ടില്ലെന്നും വീഡിയോ പ്രചരിക്കുന്നത് തടയാൻ ട്വിറ്റർ ശ്രമിച്ചില്ലെന്നും അതുവഴി സാമുദായിക പൊരുത്തക്കേടുകൾ വർദ്ധിപ്പിക്കുമെന്നും എഫ്‌ഐആറിൽ പരാമർശിച്ചു.
ചുരുക്കത്തിൽ, 2021 – ൽ ഗാസിയാബാദിൽ ഒരു വയോധികനെതിരെ നടന്ന ആക്രമവുമായി ബന്ധപ്പെട്ടുള്ള വീഡിയോ പങ്കുവെച്ചതിന് എടുത്ത കേസുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഇപ്പോൾ വ്യാജമായി പങ്കിടുന്നത്. റാണ അയ്യൂബിനെതിരെയുള്ള നിലവിൽ ഇഡി കേസും ഈ വീഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല.