ബെംഗളൂരു: ഐപിഎല്‍ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ അണ്ടര്‍ 19 താരങ്ങള്‍. ലോകകപ്പ് ടീമിലെ ഓള്‍റൗണ്ടര്‍ രാജ് അംഗദ് ബവയെ 2 കോടിക്ക് പഞ്ചാബ് കിങ്സ് തങ്ങളുടെ ടീമിലെത്തിച്ചു. മറ്റൊരു താരം രാജ്വര്ദ്ധന് ഹാംഗര്‍ഗെകറെ 1.50 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്.
അതേസമയം ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ യാഷ് ദുളിന് 50 ലക്ഷം മാത്രമാണ് ലഭിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് താരത്തെ ടീമിലെത്തിച്ചത്.
സിംഗപ്പൂർ വംശജനായ ഓസ്ട്രേലിയൻ ക്രിക്കറ്റർ ടിം ഡേവിഡിനായി ടീമുകളുടെ പിടിവലി. 40 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആറ് ടീമുകൾ രംഗത്തുണ്ടായിരുന്നു.
ഡൽഹി ക്യാപിറ്റൽസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, ലക്നോ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളാണ് താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചത്.
ഒടുവിൽ 8.25 കോടി മുടക്കി മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. നിലവിലെ താരലേലത്തിൽ ഒരു വിദേശ താരത്തിനായി മുംബൈ മുടക്കിയ ഏറ്റവും ഉയർന്ന തുകയാണിത്. സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, നഥാൻ കൂൾട്ടർ നൈൽ, ആദം സാംപ, മാർനസ് ലബുഷെയ്ൻ തുടങ്ങി ഓസീസ് ടീമിലെ മുൻനിര കളിക്കാർക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് ഐപിഎൽ താരലേലത്തിൽ ഡേവിഡിന് കിട്ടിയത്.
രണ്ടാം ദിനം ഇതുവരെ മികച്ച നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഈയിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
അജിങ്ക്യ രഹാനെയെ 1 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
അതേസമയം ഡേവിഡ് മലാന്, ഓയിന്‍ മോര്ഗന്, മാര്‍നസ് ലബുഷെയ്ന്, സൗരഭ് തിവാരി, ആരോണ്‍ ഫിഞ്ച്, ചേതേശ്വര്‍ പൂജാര, ജെയിംസ് നീഷാം, ക്രിസ് ജോര്‍ദന്‍, ഇഷാന്ത് ശര്‍മ, ലുങ്കി എന്‍ഗിഡി, ഷല്‍ഡന്‍ കോട്രല്‍, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, പിയുഷ് ചൗള, ഇഷ് സോധി, കരണ്‍ ശര്‍മ, കരുണ്‍ നായര്‍, എവിന്‍ ലൂയിസ്, അലക്സ് ഹെയ്ല്‍സ്, തബ്രൈസ് ഷംസി എന്നിവരെ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായി സച്ചിന് ബേബി, സന്ദീപ് വാര്യര്‍ എന്നിവരെയും രണ്ടാം ദിനം ആരും വാങ്ങിയില്ല.
ജയന്ത് യാദവിനെ 1.70 കോടിക്കും വിജയ് ശങ്കറെ 1.40 കോടിക്കും ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മാര്‍ക്കോ യാന്‍സനെ 4.20 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോള്‍. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തി. ഖലീല്‍ അഹമ്മദിനെ 5.25 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചറെ 8 കോടിക്കും മുംബൈ സ്വന്തമാക്കി. ചേതന്‍ സകാരിയയെ 4.20 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിച്ചു. നവ്ദീപ് സെയ്നിയെ 2.60 കോടിക്ക് രാജസ്ഥാന് റോയല്‍സ് വാങ്ങി.