രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘനം നടത്തിയ 14470 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ അറിയിച്ചു . 2022 ഫെബ്രുവരി 3 മുതൽ 2022 ഫെബ്രുവരി 9 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ പിടികൂടിയിരിക്കുന്നത്.
2022 ഫെബ്രുവരി 12-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7708 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1791 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4971 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദിയിൽ അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 168 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 65 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 31 ശതമാനം പേർ യെമൻ പൗരന്മാരും, 4 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.